Saturday, January 28, 2006

വിശപ്പു്

Suryagayatri: പാഠം ഒന്ന്...
ചുള്ളിക്കാടു് പറഞ്ഞതെത്ര സത്യമാണ് യാത്രാമൊഴി,
വിശപ്പാണു് പരമമായ സത്യം, ബാക്കിയെല്ലാം വെറും പൊങ്ങച്ചമാണ്.

വിശപ്പാണു് പരമമായ സത്യം
ആ സത്യത്തിന്റെ തീയില്‍ വെന്തുരുകിയതു്
ഗീതയും ഖുറാനും ബൈബിളും സകല വേദാന്തങ്ങളും
അതിന്റെ നിഴലില്‍ വിളറി വെളുത്ത പൊയ്‌മുഖം
ദൈവത്തിന്റേയും.
അതിന്റെ കനലുകള്‍ ചിതറിക്കിടന്നതു്
സ്വത്വാന്വേഷണപാതകളുടെ ആഡംബരങ്ങളിന്മേലും.
കനലുകളുടെ അരണ്ട വെളിച്ചത്തില്‍ തെളിഞ്ഞ നഗ്നത
ആത്മീയതയുടേയും.

17 comments:

പെരിങ്ങോടന്‍ said...

നാരായണപ്പിള്ള എഴുതിയിട്ടുണ്ട്, വിശക്കുന്നവന്റെ വേദം ആഹാരമാണെന്നു്. അതറിയാന്‍ കെല്പില്ലാത്തവര്‍ എഴുതിയുണ്ടാക്കിയതാണു പന്നിയെ തിന്നരുത്, പശുവിനെ തിന്നരുത് എന്നെല്ലാം. വിശക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ തന്നെ തിന്നും.

സിദ്ധാര്‍ത്ഥന്‍ said...

അയ്യോ! വിശക്കുന്നവനു അന്നവും ദാഹിക്കുന്നവനു പാനീയവുമാണുദൈവമെന്നു പറഞ്ഞതാരാന്നോര്‍മ്മയില്ല.

ഒരു ശ്ലോകം കൂടെ ചൊല്ലിക്കളയാം. മാഘന്‍ എന്ന കവി വിശന്നു ചാകാറായി വഴിയരികില്‍ കിടന്നു പാടിയതാണാത്രേ.

നഭുജ്യതേ വ്യാകരണം ക്ഷുധാതുരൈ:
പിപാസിതൈഹി കാവ്യരസോ ന: പീയതേ
ന: വിദ്യയാ കേന ചിദുദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ.

അര്‍ഥം പറഞ്ഞാല്‍ സംഗതി അനവസരത്തിലാണെന്നാളുകള്‍ക്കു തോന്നിയാലോ;)

-------
ഇന്നാളു യുയേയിയില്‍ ഒരു ചീനത്തുകാരിപ്പെണ്ണിന്റെ ഫ്രിഡ്ജിനകത്തു നിന്നു്‌, അപ്രത്യക്ഷരായ മൂന്നു വാച്ച്മാന്മാരിലൊരാളുടെ തല കിട്ടിയ കഥ ഓര്‍ത്താണോ പെരിങ്ങോടനീ പറഞ്ഞതു്‌ :)

ഡ്രിസില്‍ said...

പന്നിയെയും പശുവിനെയും തിന്നരുത്‌ എന്ന് പറഞ്ഞത്‌ വ്യക്തമായ കാരണങ്ങള്‍ വെച്ചു കൊണ്ടാണു. അതിനെ അനവസരത്തിലുപയോഗിക്കുന്നത്‌, വാക്കുകള്‍ക്ക്‌ വേണ്ടിയുള്ള വാക്കുകളായിട്ടേ കാണാന്‍ സാധിക്കുകയുള്ളൂ. മരുഭൂമിയില്‍ ഒറ്റപ്പെട്ട ഒരു പഥികനു ദാഹം തീര്‍ക്കാന്‍, മൂത്രവും കുടിക്കാമെന്ന് ഈ 'എഴുതിയുണ്ടാക്കിയവര്‍' തന്നെ പറഞ്ഞിട്ടുണ്ട്‌. ജീവനേക്കാള്‍ വലുതല്ല നിയമങ്ങള്‍ എന്ന് തെളിയിക്കുക എന്നത്‌ തന്നെയായിരുന്നു, ഈ 'എഴുതിയുണ്ടാക്കി'യവരുടെ ഉദ്ദേശം.

Chethana said...

ഡ്രിസില്‍ പറയുന്നതില്‍ ഒരു പിശകില്ലേ?
പശുവിനെ തിന്നാവുന്നവര്‍ക്ക് പന്നിയെ പാടില്ല എന്നും മറിച്ചും വരുമ്പോള്‍ ‘വ്യക്തമായ’കാരണങ്ങളുടെ യൂആറെല്‍ എവിടെയോ മിസ് ആവുന്നില്ലേ?

ഡ്രിസില്‍ said...

അതിന്റെ കാര്യകാരണങ്ങളന്വേഷിക്കുകയാണെങ്കില്‍ ചേതനക്ക്‌ കൂടുതല്‍ മനസ്സിലാകും. ഇവിടെ അതിനെ കുറിച്ച്‌ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍, വാക്കുകള്‍ അര്‍ത്ഥതലങ്ങളുടെ അനന്തതയിലേക്ക്‌ വലിച്ചിഴക്കപ്പെട്ട്‌ വൃത്തികേടാകാന്‍ സാധ്യതയുണ്ട്‌.

nalan::നളന്‍ said...
This comment has been removed by a blog administrator.
സാക്ഷി said...

വിശന്നാല്‍ മനുഷ്യനെ പിന്നെ എന്തിനു കൊള്ളാം.

യാത്രാമൊഴി said...

നളന്‍,

വിശപ്പെന്ന പരമമായ സത്യത്തിനു അനുബന്ധമായി എഴുതിയത് മറ്റൊരു വലിയ സത്യം (എന്നേപ്പോലെ ചിലര്‍ക്ക് മാത്രമാവാം)!

പന്നിയും പശുവും കമന്റ് പെട്ടെന്ന് അപ്രത്യക്ഷമായല്ലോ? “വികാര“ വിവാദ ഭയം?

ആത്മീയത ഏറ്റവും പരമമായ പൊങ്ങച്ചം. ഇത്രയധികം കച്ചവട, ചൂഷണ സാധ്യതകളുള്ള പൊങ്ങച്ചം മറ്റൊന്നില്ലല്ലോ.

ഉമേഷ്::Umesh said...

സിദ്ധാർ‍ത്ഥാ,

ശ്ലോകം തെറ്റു തിരുത്തി താഴെച്ചേർ‍ക്കുന്നു:

ന ഭുജ്യതേ വ്യാകരണം ക്ഷുധാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ.

അല്ല, ഇല്ല എന്നർ‍ത്ഥത്തിൽ “ന” എന്നു മതി. “നഃ” എന്നുവെച്ചാൽ “നമുക്കു്/ഞങ്ങൾ‍ക്കു്” എന്നർ‍ത്ഥം.

- ഉമേഷ്

ചില നേരത്ത്.. said...

അര ച്ചാണ്‍ വയറ് നിറയ്ക്കാനുള്ള തത്വശാസ്ത്രമാണ് മഹത്തായ തത്വ ശാസ്ത്രം.

കണ്ണൂസ്‌ said...

കാട്ടിലെ മൃഗങ്ങള്‍ വിശന്നു മരിക്കാറുണ്ടാവുമോ?

കെവിന്‍ & സിജി said...

കാട്ടിലെ ഭക്ഷ്യശൃംഖലയിലെ മുകളിലുള്ള മൃഗങ്ങള്‍ മിക്കപ്പോഴും വയസ്സാന്‍ കാലത്തു ഇരപിടിയ്ക്കാനാവാതെ വിശന്നു തന്നെയാണു് മരിയ്ക്കാറെന്നാണു് എന്റെ വിശ്വാസം. ഭാവിയിലെ മനുഷ്യരുടെ ഗതിയും ഇതു തന്നെ. വൃദ്ധസദനങ്ങളേ, വരുന്നു ഞങ്ങള്‍.

സിദ്ധാര്‍ത്ഥന്‍ said...

ഉമേഷു്‌,
(ഓഫ്റ്റോപിക്കിനു്‌ ക്ഷമിക്കണേ നളാ)

ഹിന്ദിയില്‍ നഹി എന്നാണല്ലൊ ഇല്ല എന്നതിനു പറയുക. ആ ഒരു ലോജിക്‌ വച്ചാണു്‌ 'ന:' എന്നെഴുതിയതു്‌. തെറ്റു തിരുത്തിയതിനു നന്ദി.

കണ്ണൂസ്‌,
നല്ല ചോദ്യം. എന്റെ നിന്റെ എന്നീ വകഭേദങ്ങളില്ലാത്ത സമത്വസുന്ദരമായ കാട്ടില്‍ കയ്യൂക്കുള്ളവന്‍ അതു തട്ടിപ്പറിച്ചു കഴിക്കുന്നു. വിശന്നു ചാകുന്നവനോ ചാകാറായവനോ വേറൊരുവനു ഭക്ഷണമാകുന്നു. അതിനും വകയില്ലാതെ വരുമ്പോള്‍ ഇവറ്റകള്‍ നാടിറങ്ങി സായിപ്പന്മാര്‍ക്കു നായാട്ടുകഥകളെഴുതാനുള്ള വകയുണ്ടാക്കുന്നു.

വിശാല മനസ്കന്‍ said...

ഇതൊക്കെ വായിച്ചപ്പോൾ, വിശപ്പില്ല്യാണ്ടായാൽ എന്താകുമെന്നാണ്‌ ആലോചിച്ചത്‌.

'ജീവിതം മടുത്തുപോകും'

സു | Su said...

:) വിശക്കുന്നവന് മാത്രമേ ആഹാരത്തിന്റെ വില അറിയൂ.

ഉമേഷ്::Umesh said...

സിദ്ധാർ‍ത്ഥനു്,

“നഹി” സം‍സ്കൃതത്തിലുമുണ്ടു്. രണ്ടു വാക്കാണെന്നു മാത്രം. “ന ഹി”. “അല്ല തന്നെ” എന്നു മലയാളത്തിൽ പറയാം. (കാലക്രമേണ രണ്ടു വാക്കും ചേർ‍ന്നു് “നഹി” എന്ന ഒരു വാക്കായി. ഇതിൽ നിന്നാണോ ഹിന്ദിയിലെ “നഹി” ഉണ്ടായതു് എന്നറിയില്ല. ആ ഭാഷയെപ്പറ്റി എനിക്കു വലിയ പിടിയില്ല.) ഉദാഹരണങ്ങൾ:

1) ഉദ്ദണ്ഡകാക്കശ്ശേരിസം‍വാദം:

ആകാരോ ഹ്രസ്വഃ

ന ഹി ന ഹ്യാകാരോ ദീർ‍ഘഃ അകാരോ ഹ്രസ്വഃ

2) ഭാഷാകുമാരസം‍ഭവം (എ. ആർ.):

കുലമതു ന ഹി; പിന്നെയാൾ വിരൂപൻ...

ഇതുപോലെ എന്നെ കുഴക്കിയ മറ്റൊരു വാക്കാണു “നോ”.

കവിതാരസചാതുര്യം
വ്യാഖ്യാതാ വേത്തി, നോ കവിഃ


എന്നതിലും,

നോ ചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ...

എന്നതിലുമുള്ള “നോ”. അർ‍ത്ഥം “അല്ല/ഇല്ല” എന്നു തന്നെ. (“നോ ചേത്“ എന്നു വച്ചാൽ “അല്ലെങ്കിൽ“ എന്നർ‍ത്ഥം.) ഇതു് “നഃ“ എന്നതു സന്ധിയിൽ “നോ” ആകുന്നതായി ഒരുപാടു കാലം ഞാൻ തെറ്റിദ്ധരിച്ചിരുന്നു. അങ്ങനെ സിദ്ധാർ‍ത്ഥനെപ്പൊലെ “നഃ“ യ്ക്കും “അല്ല” എന്നർ‍ത്ഥമുണ്ടെന്നു ഞാൻ കരുതിയിരുന്നു. സം‍സ്കൃതപണ്ഡിതനായ ഒരു അദ്ധ്യാപകനാണു ഈ അടുത്തിടെ അതു തിരുത്തിത്തന്നതു്.

ഈ “നോ”യിൽ നിന്നാണോ ഇം‍ഗ്ലീഷിലെ No ഉണ്ടായതെന്നു് വക്കാരിക്കു വർ‍ണ്യത്തിലാശങ്ക ഉണ്ടാകാതിരുന്നാൽ ഭാഗ്യം. :-)

nalan::നളന്‍ said...

യാത്രാമൊഴി,
വെളിവില്ലാത്ത നേരത്ത് പോസ്റ്റിയതാ..
യാത്രാമൊഴിയുടെ ഭാഷയില്‍ “ചിതതേടി അലയുന്ന കബന്ധങ്ങളായി“, അലച്ചിലില്‍ കണ്ണൂസിന്റെ ഭാഷയിലെ ഒരു “ഡെല്‍റ്റ റ്റി“ യില്‍ പോസ്റ്റിയതു്.
കുറച്ചു വെളിവു വന്നപ്പോള്‍ അത് ‘Original post' ന്റെ ആവര്‍ത്തനമാണെന്നു തോന്നി, അതാ മായ്ചതു്.
പിന്നെ വിവാദ ഭയമൊന്നുമില്ല.
ഇപ്പോ വെളിവോടുകൂടി ആവര്‍ത്തിക്കാം
പശുവും പന്നിയുമൊക്കെ പെരിങ്ങോടന്‍ പറഞ്ഞ പോലയേ ഞാനും കാണുന്നുള്ളൂ‍. അതിന്മേലൊരു വിവാദം ഉപരിപ്ലവമായിട്ടേ കാണാനാകൂ.
പിന്നെ ആത്മീയത ഒരാഡംബരമായിട്ടാണു ഞാനും കാണുന്നതു് (എനിക്കുള്‍പ്പടെ)
എന്നിലേക്കുള്ള ഒതുങ്ങല്‍.
ആഢ്യതയുടെ സവിശേഷത,
മദ്ധ്യവര്‍ഗ്ഗത്തിനു വീണുകിട്ടിയ പുത്തന്‍ സൌഭാഗ്യം.

ശെരിയാ സാക്ഷി പറഞ്ഞെ, വിശക്കുന്നവനെ ഒന്നിനും കൊള്ളില്ല.

The Out Campaign: Scarlet Letter of Atheism